Wednesday, October 12, 2011

രാധയെ പ്രണയിച്ച ഗോപാലകന്‍.....

കൃഷ്ണന്റെ മാനസം കണ്ട രാധേ

കൃഷ്ണന്റെ പാട്ടുകള്‍ കേട്ട രാധേ

കണ്ടുവോയീ കൊച്ചു ഗായകനേ

നിന്നെ പ്രണയിച്ച ഗോപാലനെ

വൃന്ദാവനത്തില്‍ ചരാചരങ്ങള്‍

വേണുഗാനത്തില്‍ തരിച്ചുനിന്നു

എന്‍ രോദനത്തില്‍ തുടിച്ചു നിന്നു

രാധയോടുള്ളയെന്‍ സര്‍വ്വസ്വവും

അറിയില്ല നീയൊട്ടുമറിയാന്‍ ശ്രമിച്ചില്ല

അലതല്ലുമീയെന്റെ ഹൃത്തകത്തെ

കണ്ടില്ല നീയൊന്നു കാണാന്‍ ശ്രമിച്ചില്ല

കണ്ണുനീര്‍ വറ്റാത്തയെന്‍ മിഴികളെ

എത്രയോ പാട്ടുകള്‍ പാടി ഞാനിന്നലേ

കേട്ടതോ നീ കൃഷ്ണഗാനങ്ങളും

നിലന്തൊട്ടു നില്‍ക്കുന്ന കുടിലിന്റെ മുന്നിലായ്

നില്‍ക്കുന്ന ഗോക്കളെ കണ്ടുവോ നീ

ഞാനോമനിക്കുമീ തത്തതന്‍ പാട്ടുകള്‍

ഒരുനേരമെങ്കിലും കേട്ടുവോ നീ

അറിയാമവക്കെന്റെ പ്രണയിനിയാരെന്ന്

അറിയില്ല നീ മാത്രമെന്തു കൊണ്ടോ

വരുമെന്നു ചൊല്ലിപ്പിരിഞ്ഞൊരാകൃഷ്ണനേ

നിറകണ്‍കളോടെ നീ കാത്തതല്ലേ

രാപ്പകല്‍ കൃഷ്ണനെത്തേടിയലഞ്ഞ നിന്‍

കാവലാളായ് ഞാന്‍ കഴിച്ചതല്ലേ

അറിയില്ല നീയെന്നെ അറിയില്ല രാധേ

അറിയില്ല നീയെന്റെ പ്രണയത്തെയും

കരയുവാന്‍ കണ്ണുനീര്‍ പാടുവാന്‍ പാട്ടുകള്‍

ഒന്നുമേയിനിയെന്നിലില്ല സത്യം

ദ്വാപരകയുഗനാള്‍കള്‍ മുഴുവനും നിന്നെ

പറയാതെ പ്രണയിച്ച ഗോപാലകന്‍

നീയറിയാതെ പ്രണയിച്ച ഗോപാലകന്‍

No comments:

Post a Comment