Friday, July 2, 2010

ഗോവ്‌ ഭാരതത്തിന്റെ ആത്മാവ്‌


"സര്‍വ്വേ ദേവാഗവാമംഗേ തീര്‍ത്ഥാനി തത്പദേഷു ച!
തദ്ഗുഹ്യേഷുസ്വയം ലക്ഷ്മീ സ്തിഷ്ടത്യേവ
സദാപി ഗോഷ്പദസക്താമൃദാ യോ ഹിതിലകം കുരുതേ നരഃ
തീര്‍ത്ഥസ്നാതോ ഭവേത്‌ സദ്യോജയസ്തസ്യ പദേപദേ!!
ഗാവസ്തിഷ്ടന്തിയത്രൈവ തത്തീര്‍ത്ഥം പരികീര്‍ത്തിതം!
പ്രാണാംസ്ത്യക്ത്വാ നരസ്തത്ര സദ്യോമുക്തോ ഭവേദ്ധ്രുവം!!
-(ബ്രഹ്മവൈര്‍ത്തപുരാണം)

ഗോക്കളുടെ ശരീരത്തില്‍ സമസ്ത ദേവഗണംനിവാസം ചെയ്യുന്നു. അവരുടെ കാലുകളില്‍ സമസ്തതീര്‍ത്ഥങ്ങളും സന്നിഹിതരാണ്‌.
ഗോക്കളുടെ ഗുഹ്യഭാഗത്ത്‌ ലക്ഷ്മീദേവി സദാ വര്‍ത്തിക്കുന്നു. ഗോക്കളുടെ
കാല്‍പ്പാദങ്ങളില്‍ ലഗ്നമായ ധൂളികൊണ്ട്‌ മനുഷ്യന്‍ തിലകം ചാര്‍ത്തുന്നു. അത്‌
തല്‍ക്കാല തീര്‍ത്ഥജലസ്നാനത്തിന്റെ പുണ്യം പ്രാപ്തമാക്കുന്നു. ഗോവിന്റെ ഓരോ
കാല്‍വയ്പ്പിലും വിജയം സുനിശ്ചിതമാണ്‌ ഗോക്കള്‍ വസിക്കുന്ന ഇടങ്ങളെല്ലാം
തീര്‍ത്ഥസ്ഥലങ്ങളായി കരുതപ്പെടുന്നു. ഇവിടങ്ങളില്‍ വസിക്കുന്ന മനുഷ്യര്‍ മൃത്യുവിനെ
പ്രാപിക്കുകയാണെങ്കില്‍ അപ്പോള്‍ത്തന്നെ അവര്‍ മോക്ഷം പ്രാപിക്കുന്നു.

ഗവാം ദൃഷ്ട്വാ നമസ്കൃത്യ കുര്യാച്ചൈവ പ്രദക്ഷിണനം!
പ്രദക്ഷിണീകൃതാ തേന സപ്തദ്വീപാവസുന്ധരാമാതരഃ
സര്‍വഭൂതാനാം ഗാവഃസുഖപ്രദാഃ!
വൃദ്ധിമാകാംക്ഷതാ നിത്യം ഗാവഃ കാര്യഃ പ്രദക്ഷിണാഃ!!

=ഗോമാതാവിനെ ദര്‍ശനം ചെയ്തും നമസ്കരിച്ചും പ്രദക്ഷിണം വെക്കണം. ഇപ്രകാരം ചെയ്തതുകൊണ്ട്‌ സപ്തദ്വീപങ്ങളോടുകൂടിയ ഭൂമണ്ഡലത്തെ
പ്രദക്ഷിണം ചെയ്തതായി ഗണിക്കാം.ഗോക്കള്‍ സമസ്തപ്രാണികളുടേയും മാതാക്കളും
സര്‍വസുഖദായിനികളുമാണ്‌. വൃദ്ധിയെ കാംക്ഷിക്കുന്ന മനുഷ്യര്‍ നിത്യവും ഗോക്കളെ
പ്രദക്ഷിണം ചെയ്യേണ്ടതാണ്‌.

"ഗാവശ്ച ശുശ്രൂഷതേയശ്ച സമന്വേതി ച സര്‍വ്വശഃ!
തസ്മൈ തുഷ്ടാഃ പ്രയച്ഛന്തി വരാനപി സുദുര്‍ല്ലഭാന്‍!!
ദ്രുഹ്യേന്ന മനസാ വാപിഗോഷു നിത്യം സുഖപ്രദഃ!
അര്‍ച്ചയേത്‌ സദാചൈവ നമസ്കാരാ:
നമസ്കാരൈശു പൂജയേത്‌!! ദാന്തഃ പ്രീതമനാ

നിത്യംഗവാം വൃഷ്ടി തഥാരഭതേ!!"ഗോക്കളെ സേവിക്കുന്നവരും അനുഗമിക്കുന്നവരുമായ മനുഷ്യരില്‍ സന്തുഷ്ടരായി ഗോക്കള്‍ അത്യന്തം
ദുര്‍ല്ലഭങ്ങളായ വരങ്ങള്‍ അവര്‍ക്ക്‌ പ്രദാനം ചെയ്യുന്നു. ഗോക്കളോട്‌
മനസ്സുകൊണ്ടുപോലും ദ്വേഷ്യം കാണിക്കരുത്‌. അവരെ ദുഃഖിപ്പിക്കരുത്‌. അവര്‍ക്ക്‌ സുഖം
നല്‍കണം. അവരെ യഥോചിതം സത്ക്കരിക്കണം. നമസ്കാരാദികളാല്‍ പൂജിക്കണം. ജിതേന്ദ്രിയരും
പ്രസന്നചിത്തരുമായി നിത്യവും ഗോസേവ ചെയ്യുന്നവര്‍ക്ക്‌ സമൃദ്ധിയുടെ വൃഷ്ടി
നിശ്ചയമായും ആരംഭിക്കുകയായി. ശ്രീമദ്‌ ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്‌
വിശ്വരൂപദര്‍ശനംനല്‍കി. ഹിന്ദുധര്‍മത്തിലുള്ള മുപ്പതുമുക്കോടി ദേവതകളും സമ്പൂര്‍ണ്ണ
വിശ്വചരാചരത്തിന്റെ അധിഷ്ഠാതൃദേവതയും എല്ലാ ദേവീദേവന്മാരും നിവസിക്കുന്നത്‌
ഗോമാതാവിലായതുകൊണ്ട്‌ ഗോവ്‌ വിശ്വരൂപമാണ്‌, മാത്രമല്ല, ഗോക്കള്‍ വിശ്വമാതാക്കളായും
(ഗാവഃവിശ്വസ്യമാതരഃ)അംഗീകാരമുള്ളതുകൊണ്ട്‌ ഗോപൂജകൊണ്ടും സേവകൊണ്ടും എല്ലാ
ദേവീദേവന്മാരുടെ ആരാധനയും സംഭവിക്കുന്നു. വേദങ്ങളെകൂടാതെ വിഭിന്നങ്ങളായ ഇതിഹാസ
പുരാണാദികളിലും ഗോവിന്റെ വിശ്വരൂപവര്‍ണ്ണനം ലഭിക്കുന്നുണ്ട്‌.

No comments:

Post a Comment